എന്റെ വലിയ വല്യപ്പച്ചൻ സോഡാ കുരിയൻ കോട്ടയം പട്ടണത്തിൽ തുടങ്ങിവെച്ച കുര്യച്ചൻ-ഇട്ടിച്ചെൻ പരമ്പരയിലെ നാലാമത്തെ തലമുറയാണ് ഞാൻ. എൻെറ ചെറുപ്പകാലത്തെ കോട്ടയം ജീവിതം അനുഗ്രഹിച്ചു നൽകിയ സന്തോഷ കഥകളിലൊന്ന്.
സോഡാ കുര്യന്റെ മകനും, എന്റെ വല്യപ്പച്ചനുമായ അച്ചൻ കുഞ്ഞും, അങ്ങേരുടെ അതി സുന്ദരിയായ ഭാര്യ മറിയാമ്മയും, ദൈവം ഉദാരമായി നൽകിയ പത്തു മക്കളും കോട്ടയം നഗരത്തിന്റെ പ്രാന്ത പ്രദേശമായ ഈരയിൽ കടവിൽ വീട് വെച്ച് താമസിച്ചു പോന്നു. അവരുടെ മൂത്ത മകനായ എന്റെ അപ്പൻ-കുരിയൻ ഒരു പുസ്തക പുഴു ആയിരുന്നതിനാലും, ഞങ്ങളുടെ പാരമ്പര്യ വ്യാപാര വ്യവസായമായ കള്ളു കച്ചോടത്തിൽ താല്പര്യമില്ലാതിരുന്നതിനാലും, കൃഷി, കിള എന്നിങ്ങനെ സാമാന്യം മലയാളികൾക്കുള്ള ഒരു കഴിവും ഇല്ലാതിരുന്നതിനാലും ഒരു കോളേജ് വാധ്യാർ ആകാൻ തീരുമാനിച്ചു.
എഴുപതുകളിലെ പല നസ്രാണികളും ചെയ്തത് പോലെ, കുറച്ചു നാൾ വാധ്യാരു പണി ചെയ്തു മടുത്തപ്പോൾ ഒന്ന് പെണ്ണ് കെട്ടാമെന്നും, വീട്ടിലെ മൂത്ത പുത്രൻ എന്ന് നിലക്ക് ആംഗ്ലോഫിൽസായ ആയ വലിയ വല്യപ്പന്മാർക്കു പിടിക്കുന്ന അമേരിക്ക, കാനഡ, യൂകെ എന്നിങ്ങനെയുള്ള വെളുമ്പരുടെ നാട്ടിൽ നിന്നുള്ള ഒരു നഴ്‌സിനെ തന്നെ കണ്ടുപിടിക്കാമെന്നും തീരുമാനിച്ചു. അതിനായി അതിയാൻ എല്ലാ മധ്യ തിരുവതാംകൂറുകാരുടെയും പാരമ്പര്യ പത്രമായ മനോരമയിൽ ഒരു പരസ്യം കൊടുക്കുകയും, അറുപതുകളിൽ നഴ്സ്പണി ചെയ്യാൻ കാനഡയിലേക്ക് കുടിയേറിയ എന്റെ അമ്മ ലീലാമ്മയെ കണ്ടു ഇഷ്ട്ടപ്പെട്ടു കെട്ടുറപ്പിക്കുകയും ചെയ്തു.
കാനഡയിലെ തണുപ്പിൽ സുഖങ്ങളും, ദുഖങ്ങളും, ചൈനീസ് ചോപ് സൂയിയും ഒക്കെ പങ്കുവെച്ചു ജീവിതം അടിവെച്ചടിവെച്ചു മുന്നോട്ടു പോയി. ഒരു ആറു വർഷത്തിന് ശേഷം രണ്ടു പെൺകുട്ടികളിൽ ഇളയമകളായി ഞാൻ ഭൂജാതയായി. അപ്പോഴേക്ക് എന്റെ അപ്പൻ കുര്യന് കാനഡ മടുക്കുകയും, സ്വന്തം അമ്മയുണ്ടാക്കുന്ന ആഹാരം കഴിച്ചു ഇനിയുള്ള കാലം, കുഞ്ഞു കുട്ടി പരാധീനതകളുമായി നാട്ടിൽ തന്നെ ജീവിക്കണം എന്ന് കലശലായ ആഗ്രഹം ഉദിക്കുകയും ചെയ്തു. പതിനാറാം വയസ്സിലേ വീട് വിട്ടിറങ്ങിയ ലീലാമ്മക്കുണ്ടോ ഈരയിൽ കടവിലെ കാറ്റും, മണവും, വല്യമ്മച്ചിയുടെ മോര് കറിയും മനസിലാകുന്നു… കാനഡയിലെ ഹാമിൽട്ടണിൽ ഒരു മൂന്നാം ലോക മഹായുദ്ധം അരങ്ങേറുകയായി. ദിവസങ്ങളും മാസങ്ങളും നീണ്ട കൊടുമ്പിരികൊണ്ട യുദ്ധത്തിനൊടുവിൽ, ഒട്ടുമിക്ക മലയാളി കുടുംബിനികളെയും പോലെ ലീലാമ്മയും, ആയുധം താഴെ വെച്ച് കോംപ്രമൈസ് കരാറിൽ ഒപ്പിട്ടു. അങ്ങനെ, ഇള്ള കുട്ടികളായ ഞങ്ങളും, അപ്പൻ-കുരിയനും ഒരു പ്രീ വ്യൂ എന്ന കണക്കിന് കോട്ടയത്തേക്ക് പറിച്ചു നടപ്പെട്ടു. അഭിപ്രായം മാറി, നാട് മടുത്തു തിരികെ വരും എന്ന പ്രതീക്ഷയിലും, ആ പ്രതീക്ഷയ്ക്കു കനമേകാൻ നാട്ടിൽ വരുമ്പോളേക്ക് നാലു ബെഡ്‌റൂമുള്ള വീട് വേണം, കാറ് വേണം, കാലു തിരുമ്മാൻ ജോലിക്കാർ വേണം എന്നിങ്ങനെ കുറെ കടുപ്പൻ വ്യവസ്ഥകളുമായി ലീലാമ്മ കുറച്ചു നാളു കൂടി കാനഡയിൽ തങ്ങാനും തീരുമാനിച്ചു.
കോട്ടയം ജീവിതം അതിസുന്ദരം, അപ്പന്റെ പല പ്രായക്കാരായ എട്ടു അനുജൻമാരും അമ്മായിമാരും – മുപ്പതു വയസു മുതൽ പത്തു വയസുവരെയുള്ളവർ വീടിന്റെ എല്ലാ കോണിലും നീണ്ടു പരന്നു വളർന്നു വലുതാകുന്നു. പണ്ട് ഇന്ദിരഗാന്ധിയുടെ എമർജൻസി കാലത്തു, നിർബന്ധിത വന്ധ്യംകരണം പേടിച്ചു വല്യപ്പച്ചൻ ഒളിവിൽ കഴിഞ്ഞ കഥ എന്റെ അപ്പൻ കുര്യൻ പറഞ്ഞു കേട്ടിട്ടുണ്ട്. എന്റെ പിതാക്കന്മാരും പണ്ട് ഒളിവിൽ പോയിട്ടുണ്ടെന്ന് രോമാഞ്ചത്തോടെ പറഞ്ഞു നടക്കാൻ എനിക്കും ഉണ്ടൊരു പാരമ്പര്യം. പിന്നെ വലിയ വല്യപ്പച്ചൻ – സോഡാ കുരിയൻ അടുത്ത തലമുറയ്ക്ക് വെറുതെ കാലും നീട്ടിയിരുന്നു ആസ്വദിക്കാനുള്ളത് ഉണ്ടാക്കിയിട്ടിട്ടുള്ളത് കൊണ്ട് ഇന്ത്യ മഹാരാജ്യത്തെ പോപുലേഷൻ എൿസ്പ്ലോഷൻ എന്റെ കുടുംബക്കാർക്കു ഒരു വിഷയമേ ആയിരുന്നില്ല. പതിനാറാം വയസ്സ് മുതൽ പ്രസവിച്ചു തുടങ്ങിയ എന്റെ അമ്മച്ചിയായ സുന്ദരി മറിയാമ്മ എന്നെയും എന്റെ ചേച്ചിയെയും- ’പത്തിന്റെ കൂടെ രണ്ടൂടെ’, ‘ഞാൻ തെത്ര കണ്ടതാ’ എന്ന ഭാവത്തിൽ സന്തോഷമായി കൈ നീട്ടി സ്വീകരിച്ചു.
എപ്പോഴും കഥ പറയുന്ന, പുളു കഥകളിൽ ഡോക്ടറേറ്റ് എടുത്തിട്ടുള്ള എന്റെ വല്യപ്പച്ചൻ a.k.a അച്ചാച്ചൻ, മറിയാമേ എന്ന് വിളിച്ചാൽ പതിനാറിന് നാണത്തോടെ വെള്ള ചട്ടയിൽ കൈ തുടച്ചു ഓടി എത്തുന്ന അമ്മച്ചി, ഒരു ഡസൻ കുട്ടി കുരിയന്മാർ എന്നിങ്ങനെ ഉള്ളവർ അടങ്ങുന്ന സകുടുംബം. അമ്മച്ചിയുടെ വെള്ളയപ്പവും, കരിമീൻ കറിയും, വെള്ളരിക്ക മോര് കറിയും ജീവിതത്തിന്റെ ഒരു ഭാഗമായി മാറാൻ അധികം നാൾ എടുത്തില്ല.
സന്തോഷകരമായ കുറച്ചു വർഷങ്ങൾ ഫാസ്റ്റ് ഫോർവേഡ്. എന്റെ അപ്പന്റെ ഒരു അനുജനാണ് താരം – പല കുരിയൻമാരിലൊരുവൻ, ഏതാണ്ട് ഇരുപതു വയസ്സ് ഉള്ള കോളേജ് കുമാരൻ. എന്തിനും ഏതിനും ‘എസ്സെൻസ്’ എന്നുള്ള വാക്കു ആവശ്യത്തിനും അനാവശ്യത്തിനും ഉപയോഗിച്ചിരുന്നത് കൊണ്ട് ഞാൻ എന്റെ പ്രിയപ്പെട്ട കൊച്ചപ്പനെ ‘എസ്സെൻസ് രാജകുമാരൻ’ എന്നു വിളിച്ചു പോന്നു. ഇടം വലം തിരിയാൻ വിടാതെ, വെറും കോടാലി ആയി തോളിൽ കയറി നടന്ന എന്നെ സ്നേഹത്തോടെ ‘കോടാലി മറിയേ’ എന്നു അദ്ദേഹവും.
പണ്ട് പണ്ട്, ഈരയിൽ കടവിൽ നിന്നും കോടിമതയിലേക്കു പാലം വന്നിട്ടില്ല. വീട്ടിൽ നിന്നിറങ്ങി ഒരു കിലോമീറ്റർ നടന്നാൽ കടത്തെത്തി, വള്ളത്തിൽ ഇക്കരെ എത്തി, പിന്നെയും ഒരു കിലോമീറ്റർ നടന്നു റെയിൽവേ ട്രാക്ക് ഒക്കെ ക്രോസ് ചെയ്താൽ കോടിമത എത്തും. ആ പ്രദേശത്തിന് ദൈവം അനുഗ്രഹിച്ചു തന്ന പച്ചപ്പ്, ഊഷ്മളത പിന്നെ എന്തെല്ലാമൊക്കെയൊ ചുറ്റും. കോട്ടയം ടൌൺ അല്ലേ, വീടിനു മുന്നിൽ നിന്നും ഒരു ഓട്ടോ എടുത്താലും കോടിമത എത്താം. പക്ഷെ പ്രകൃതി എന്നും വൈകുന്നേരം എന്നെ മാടി വിളിച്ചോണ്ടിരുന്നു.
ഇരുപതുകളുടെ ചുറുചുറുക്കുള്ള എസ്സെൻസ് രാജകുമാരനു എന്നെ കൂടെ കൊണ്ട് നടക്കാൻ പെരുത്ത സന്തോഷം- ആ പേരിൽ വീട്ടിൽ നിന്നിറങ്ങയാൽ പുള്ളിക്കു അച്ചാച്ചൻ അറിയാതെ ഒരു ദിനേശ് ബീഡിയും, എനിക്ക് കൈക്കൂലി ആയി ഒരു ഫൈവ് സ്റ്റാറും- ഒരു വെടിക്ക് രണ്ടു പക്ഷി.
ദിനേശ് ബീഡി വാങ്ങുമ്പോളൊക്കെ പഴയ comarades നോടെന്നപോലെ
“നിനക്ക് വേണോ ഒന്ന്” എന്ന് ചോദിയ്ക്കാൻ എസ്സെൻസ് മറന്നില്ല. വേണ്ടെന്നു പറഞ്ഞാൽ ചിരിച്ചോണ്ട് പിന്നേം
“ഒരു കഞ്ചാവ് ബീഡി ആയാലോ കോടാലീ ?”
അപ്പൊ സാമാന്യം ഉറക്കെ ഞാൻ ചുറ്റും കൂടിയിക്കുന്നവർ കേൾക്കാൻ:
“എനിക്കെങ്ങും വേണ്ടേ കഞ്ചാവ് ബീഡി” ബാക്ക്ഗ്രൗണ്ടിൽ മൂലക്കടയിലെ വായിൽ നോക്കി പിള്ളേരുടെ ഉറക്കെ ചിരി…
അച്ചാച്ചൻ അറിയാത്ത വളരെ ‘ക്ലാസ്സി’ തമാശകൾ ഞങ്ങളുടെ ഇടയിൽ.
അങ്ങനെ എന്നത്തേയും പോലെ അന്നും, വൈകുന്നേരം അമ്മച്ചിയുടെ കട്ടൻ കാപ്പിയും കടിയും ഒക്കെ കഴിച്ചു ഞങ്ങൾ ഈരയിൽകടവിലേക്കു നടന്നു. വള്ളം കയറി, അപ്പുറത്തെത്തി, ട്രെയിൻ പാളോം കടന്നു പിന്നെയും കുറേ മുന്നോട്ട്. ലെവൽ ക്രോസ്സ് കഴിഞ്ഞു നാട്ടു വഴിയിലൂടെ കുറെ കൂടി പോയി. എസ്സെൻസ്നു എന്തെന്നില്ലാത്ത ഒരു ഉത്സാഹം. കാല് വേദനിച്ചു തുടങ്ങി എന്ന് പറഞ്ഞിട്ടും വിടുന്നില്ല.
ഞാൻ പതിയെ ഭീഷണി മോഡിലേക്ക് മാറി –
”ഒരു ഫൈവ്-സ്റ്റാറിൽ ഒതുങ്ങുന്ന ദൂരമല്ലാട്ടോ എസ്സെൻസെ ഇത്”
“ ഒന്നുടെ കിട്ടിയാൽ ആ ബീഡിയുടെ കാര്യം അച്ചാച്ചനോട് ഞാൻ പറയാതിരിക്കാം … “
“ഒന്ന് വാ കോടാലി.. ഫൈവ് സ്റ്റാർ ഒക്കെ നമുക്കൊപ്പിക്കാം- എന്നായി എസ്സെൻസ്.
പത്തു പന്ത്രണ്ടു പേരുള്ള വീട്ടിൽ സർവൈവ് ചെയ്യണമെങ്കിൽ കൈക്കൂലി കൊടുക്കാനും വാങ്ങാനും ഒക്കെ ഇഴയുന്നതിനു മുൻപേ പഠിക്കണമല്ലോ. എന്നോടാ ബാർഗൈനിങ്…
ഞങ്ങൾ നടന്നു നടന്നു ഒരു വീടിന്റെ മുന്നിൽ എത്തി .. സാമാന്യം സുന്ദരമായ പൂന്തോട്ടം, ഒരു പഴയ ഓടിട്ട ഭംഗിയുള്ള വീട്. വെള്ളാരം കല്ല് വിരിച്ച മുറ്റം.
എസ്സെൻസ് എന്നോട്
നിനക്കു മുള്ളാൻ മുട്ടുന്നോ ? …
ഇല്ലാ. …
എന്നാലും ഇത്രയും നടന്നതല്ലേ നമുക്കൊന്ന് മുള്ളിയാലോ….
നീ ആ വീട്ടിൽ ചെന്നൊന്നു കൊട്ടിയിട്ടു ചോദിക്കു ബാത്‌റൂമിൽ പോകട്ടെ എന്ന്…
ഞാൻ വിടുമോ.
എനിക്കെന്തു തരും?? ….
അതൊക്കെ തരാം. നീ ചെല്ല് ….
അങ്ങനെ ഞാൻ ആ വാതിലിൽ മുട്ടുന്നു. ഒരു മഞ്ഞ പാവാട ഇട്ട പതിനെട്ടുകാരി ചേച്ചി വാതിൽക്കൽ. എന്റെ എല്ലാ സുന്ദര കോമളതയും മുഖത്തൊലിപ്പിച്ചു ഞാൻ ചോദിച്ചു.
ചേച്ചീ എനിക്ക് ബാത്രൂം കാണിച്ചുതരുമോ ??
ചേച്ചിയുടെ മുഖത്തു ഒരു തുടുപ്പ് .. ഒരു പുഞ്ചിരി. ഒരു ബെഡ്റൂമിലൂടെ എന്നെയും എസ്സെൻസിനെയും ബാത്റൂമിലേക്കു ചേച്ചി ആനയിച്ചു. ഞാൻ ഒട്ടും മടിക്കാതെ നല്ല സമയം എടുത്തു വിശാലമായി ബിസിനസ് നടത്തി. അത് കഴിഞ്ഞു അവിടെയുണ്ടായിരുന്ന പോൻഡ്‌സ് സോപ്പും, ക്യൂട്ടിക്കുറ പൗഡറും, ചാന്തു പൊട്ടും ഒക്കെ ട്രൈ ചെയ്തു കുറച്ചു നേരം കളഞ്ഞു. വാതിൽ അടച്ചിരുന്നതു കൊണ്ട് പുറത്തെന്താണ് നടക്കുന്നെതെന്നു മനസിലായില്ല, വാതിലിനു പുറകിൽ ഒരു കളിയും ചിരിയും കുശലം പറച്ചിലും.
എല്ലാം കഴിഞ്ഞു പുറത്തിറങ്ങിയപ്പോൾ ആ ചേച്ചിയുടെ മുഖത്ത് എന്തെന്നില്ലാത്ത ഒരു ചുവപ്പ് , എന്റെ എസ്സെൻസിന്റെയും.
ഞാൻ നല്ല കുട്ടിയായി ബൈ ബൈ ആൻഡ് താൻക്യു പറഞ്ഞിറങ്ങി. ചേച്ചി എനിക്കൊരുമ്മ തന്നു. തിരിഞ്ഞു നടന്നപ്പോൾ പുറകിൽ നിന്നൊരു വിളി.
മോള് നടന്നു ക്ഷീണിച്ചതല്ലേ , ഇതാ എന്റെ വക ഒരു സമ്മാനം…
വീടിനു മുന്നിലെ പച്ചക്കറി തോട്ടത്തിൽ നിന്നും ഒരു പഴുത്ത മഞ്ഞ വഴുതനങ്ങ.
ഞാൻ ആ ചേച്ചിക്കു പേരിട്ടു – ‘വഴുതനങ്ങ ചേച്ചി’.
പിന്നെയും, പിന്നെയും ഞങ്ങൾ വൈകുന്നേരങ്ങളിൽ നടപ്പു തുടർന്നു.
മൂലക്കടയിലെ ഫൈവ് സ്റ്റാറുകൾ തീർന്നു,
എസ്സെൻസിന്റെ മുഖം മുഴുവൻ മുഖകുരുക്കൾ പൊടിഞ്ഞു,
കോടിമത മുതൽ ഈരയിൽ കടവ് വരെ വഴുതനങ്ങ പൂക്കൾ വിരിഞ്ഞു,
എന്റെ അമ്മച്ചിയുടെ അടുക്കളയിൽ വഴുതനങ്ങ മെഴുക്കുപുരട്ടി, വഴുതനങ്ങ മോര് കറി, കിച്ചടി, പച്ചടി എന്നിങ്ങനെ വഴുതനങ്ങ പായസം വരെ അവതരിച്ചു.
മാസങ്ങൾ കഴിഞ്ഞു, കഴിയും പോലെ പിടിച്ചു നിന്നിട്ടും, തോൽവിയേറ്റു എന്റെ അമ്മ ലീലാമ്മ നാട്ടിലേക്ക് തിരികെ വരാനും, ഞങ്ങൾ സകുടുംബം എന്റെ അപ്പൻ കുര്യന്റെ കൂടെ മാറി താമസിക്കാനും തീരുമാനിച്ചു. പതിയെ പതിയെ ഈരയിൽക്കടവും, കോട്ടയവും ഒരു അവധിക്കാല യാത്ര മാത്രമായി. ഞാനും സ്കൂളും പഠിത്തവുമായി ഒരു വലിയ ലോകത്തെ വെറുമൊരു ചെറു ചീളായി മാറി. എസ്സെൻസ് രാജകുമാരൻ വളർന്നു വലുതായി മദിരാശിയിലേക്കു കുടിയേറി. ഒരു എസ്സെൻസ് രാജകുമാരിയെ കണ്ടു പിടിച്ചു ജീവിത സഖിയാക്കി, കുറെയേറെ എസ്സെൻസ് കുട്ടികളെ ഉണ്ടാക്കി.
പിന്നീട്, എന്നോ അവധിക്കു ചെന്നപ്പോൾ വഴുതനങ്ങ ചേച്ചിയുടെ വീട്ടിലേക്കു ഞാൻ – ഇത്തവണ കാറോടിച്ചു, പാലം കടന്നു, കോൺക്രീറ്റ് മരങ്ങൾക്കിടയിലൂടെ. ആ പഴയ വീട് ഓട് മാറ്റി പുതുക്കി പണിഞ്ഞിരിക്കുന്നു, ആ പഴയ പച്ചക്കറി തോട്ടവും പൂച്ചെടികളുടെയും സ്ഥാനത്തു ചുവന്ന ടൈൽ ഇട്ട ഒരു മുറ്റം. ആ വാതിലിൽ കൊട്ടിനോക്കാൻ തോന്നിയില്ല, മരിച്ചടക്കപ്പെട്ട ആ പ്രേമത്തിന്റെ ഓർമ ഇന്ന് എന്റെ മനസ്സിൽ മാത്രം, ഒരു ചെറു പുഞ്ചിരിയായി.
എസ്സെൻസിന്റെ രഹസ്യങ്ങൾ എന്റെ ഉള്ളിൽ ഇന്നും ഭദ്രം. ഇന്ന് ആ വഴുതനങ്ങ ചേച്ചി എവിടെ യാണെന്ന് അറിയില്ല. പക്ഷെ ചിക്കാഗോയിലെ എന്റെ അടുക്കളയിലെ വഴുതങ്ങ തീയലിനു ഇപ്പോഴും ഒരു കോടിമത മണം.
Superb writing Priya, excellent flow and narration, and the topping is the way you kept the curiosity built and maintained to make the readers finish in a stretch! Excellent one, keep writing more, and keep adding to your Kottayam diaries😊👍
Priya, this is such a lovely piece of writing. You have amazing writing skill. The storey is beautifully narrated. Keep writing my dear.
Super nice,Priya😍